10:19am 14 November 2026
NEWS
ഗ്യാരണ്ടിയുടെ അധികാരശക്തി: 500 കോടി സൗജന്യ സ്ത്രീ ബസ്സ്‌യാത്രകളുടെ റെക്കോർഡുമായി കർണാടകം
15/07/2025  11:49 AM IST
വിഷ്ണുമംഗലം കുമാർ
ഗ്യാരണ്ടിയുടെ അധികാരശക്തി:  500 കോടി സൗജന്യ സ്ത്രീ ബസ്സ്‌യാത്രകളുടെ റെക്കോർഡുമായി കർണാടകം

ബംഗളുരു: ഗ്യാരണ്ടികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പഞ്ച സൗജന്യ വാഗ്ദാനങ്ങളാണ് 2023 ൽ ബിജെപിയെ തകർത്ത് കർണാടകം പിടിക്കാൻ  കോൺഗ്രസിനെ സഹായിച്ചത്. അഞ്ചിൽ ഒന്ന് സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രയാണ്. മറ്റു നാലു സൗജന്യ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും  സ്ത്രീകൾക്കായുള്ള 'ശക്തി' സൗജന്യ ബസ് യാത്രാവാഗ്ദാനം കഴിഞ്ഞ രണ്ടുവർഷമായി സിദ്ധരാമയ്യ ഗവണ്മെന്റ് മുടക്കം കൂടാതെ നിറവേറ്റിവരുന്നുണ്ട്. ഗവണ്മെന്റിന്റെ കീഴിലുള്ള നാലു ട്രാൻസ്‌പോർട്ട് കോർപറേഷനിലെയും എ സി ഒഴികെയുള്ള എല്ലാ ബസ്സുകളിലും സ്ത്രീകൾക്ക് സംസ്ഥാനത്ത്‌ എല്ലായിടത്തും സൗജന്യമായി സഞ്ചരിക്കാം. സംസ്ഥാനത്തെ സ്ഥിരതാമസക്കാരിയാണെന്ന് തെളിയിക്കുന്ന ആധാർ കാർഡ് കയ്യിൽ കരുതണമെന്ന് മാത്രം. ആധാർകാർഡ് കാണിച്ചാൽ കണ്ടക്ടർ സിറോ ചാർജ്ജ് ടിക്കറ്റ് നൽകും. സ്ത്രീകൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ഒരു സൗജന്യ പദ്ധതിയാണിത്. സാധാരണയാത്രകൾക്ക് പുറമെ കൂട്ടം ചേർന്ന് ആരാധനാലയങ്ങൾ സന്ദർശിക്കാനും ഉല്ലാസയാത്ര നടത്താനും സ്ത്രീകൾ ശക്തി സൗജന്യം ഉപയോഗപ്പെടുത്തുന്നു. നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും ആധാർ കാർഡുമായി ബസ് യാത്രയ്ക്ക് ഒരുങ്ങുന്ന സ്ത്രീജനങ്ങളുടെ തിരക്ക് കാണാം. ഈ സൗജന്യം വന്നതോടെ അതുവരെ വീടുകളിലെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന വീട്ടമ്മമാരും മറ്റും നിത്യവും ബസ്സുയാത്ര ചെയ്യുന്നവരായി മാറിയിരിക്കുന്നു. മറ്റൊരു സൗജന്യമായ ഗൃഹലക്ഷ്മി പദ്ധതി പ്രകാരം വീട്ടമ്മമാർക്ക് മാസന്തോറും രണ്ടായിരം രൂപ ഗവണ്മെന്റ് പോക്കറ്റ് മണിയായി നൽകുന്നുണ്ട്. അതിനാൽ സൗജന്യ ബസ്സ്‌ യാത്ര നടത്തുന്ന വീട്ടമ്മമാർക്ക് വഴിച്ചെലവിന് ഭർത്താക്കന്മാരെയോ മക്കളെയോ ആശ്രയിക്കേണ്ടി വരുന്നില്ല. സൗജന്യങ്ങൾ വാരിക്കോരി നൽകുക വഴി സംസ്ഥാനം വൻ കടക്കെണിയിലേക്ക് നീങ്ങുകയാണെങ്കിലും സൗജന്യങ്ങൾ അനുഭവിക്കുന്ന സ്ത്രീജനങ്ങളും മറ്റുള്ളവരും ഹാപ്പിയാണ്. 2023 ജൂൺ 11ന് ശക്തിപദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെയായി 12669 കോടിയുടെ വരുമാന നഷ്ടമാണ് ഈ പദ്ധതിയിലൂടെ ഗതാഗതവകുപ്പിന് ഉണ്ടായിട്ടുള്ളത്. 500 കോടി തികയുന്ന ടിക്കറ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇഷ്യൂ ചെയ്തത്.  ഔദ്യോഗിക വസതിയ്ക്ക് മുന്നിൽ നിന്ന്‌ പുറപ്പെട്ട ഒരു ബസ്സിൽ മുഖ്യമന്ത്രി കണ്ടക്ടറായി ഫാക്ടറി ജീവനക്കാരിയായ യാത്രക്കാരിയ്ക്ക് ടിക്കറ്റിനോടൊപ്പം സമ്മാനങ്ങളും നൽകി. ബസ്സിലുണ്ടായിരുന്ന മുപ്പതോളം സ്ത്രീയാത്രക്കാർക്ക് സാരികളും പുരുഷയാത്രക്കാർക്ക് മധുരവും മുഖ്യമന്ത്രി വിതരണം ചെയ്തു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഢി, ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു, മഹിളാ കോൺഗ്രസ്സ് നേതാവ് സൗമ്യ റെഡ്‌ഡി തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img